സമയം രാത്രി 11:12. സൈറ ലൈറ്റണച്ച് കിടന്നിട്ടുണ്ടായിരുന്നു. പതിയെ ഞാൻ ടെറസ്സിലേക്കിറങ്ങി എല്ലാ വശത്തേക്കും ഒന്നു കണ്ണോടിച്ചു.
നിശ്ശബ്ദത.
വല്ലാത്തൊരു വശ്യത.
പൂർണ്ണ ചന്ദ്രനും നിലാവെളിച്ചവും. ഇതിൽക്കൂടുതലെന്തു വേണം?
പിറകിലെ കെട്ടിടത്തിലെ പെൺകുട്ടികൾ മൂന്നും നാലും നിലകളിലായി ബാൽക്കണിയിൽ ഫോണിൽ മുഴുകിയിരിക്കുകയാണ്. ദൂരെ മറ്റൊരു ടെറസിൽ കസേരയിൽ ചാരിയിരിക്കുന്നൊരാളെ കാണാം. മുഖം വ്യക്തമല്ല. താഴെ വഴിയിലൂടെ പച്ചക്കറി വാങ്ങി വരുന്ന ഒരു മനുഷ്യൻ, അത്താഴപ്പാത്രവും കൊണ്ടു പോകുന്ന മുടി പിന്നിയിട്ട പെൺകുട്ടി , ബൈക്കിലൂടെ പോകുന്ന ചെറുപ്പക്കാർ. പിറകിലെ ഗലി മൂന്നായി തിരിയുന്നയിടത്ത് ഒരു പന്തലും അതിനകത്ത് വിവിധ തരത്തിലും നിറത്തിലും അലങ്കൃതരായ ശിരോവസ്ത്രമണിഞ്ഞ ഉത്തരേന്ത്യൻ സ്ത്രീകൾ. കല്യാണമോ മറ്റോ നടക്കാൻ പോവുകയാണ്. മഞ്ഞ വെളിച്ചത്തിൽ അവരുടെ ആടയാഭരണങ്ങൾ തെളിഞ്ഞു കാണപ്പെട്ടു. അവരുടെ കൂടെ ചെന്നിരിക്കാൻ വല്ലാത്തൊരു കൊതി തോന്നി. ഞാൻ പറയുന്നത് അവർക്കോ, അവർ പറയുന്നത് എനിക്കോ മനസ്സിലാകണമെന്നില്ല. എന്നിരുന്നാലും, സ്നേഹം പങ്കിടാൻ ഒരു നോട്ടവും പുഞ്ചിരിയും തന്നെ ധാരാളമായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത് . പാട്ടും മേളവും തുടങ്ങിക്കഴിഞ്ഞിരുന്നു. വാദ്യോപകരണങ്ങളോടു കൂടി എനിക്കു മനസ്സിലാവാത്ത ഏതോ ഹിന്ദിയിൽ അവർ പാടുന്നതിനും ആടുന്നതിനും മാർക്കിടാനായി നിൽക്കുന്ന പോലെ രണ്ടു തെരുവു നായകളും ഒരു പശുവും പന്തലിന്റെ അരികിൽ ചേർന്നു നിന്നു. ദുവാ മാൻഷനിലെ മൂന്നാം നില ടെറസിൽ നിലാവെളിച്ചത്തിൽ ഉലാത്തിക്കൊണ്ടിരുന്ന ഞാനെന്ന സ്വപ്നജീവി ഒരു നിമിഷം അവരിലൊരാളായി രാത്രിയെ പാടി വെളുപ്പിക്കുന്നതാലോചിച്ച് നിർവൃതിയടഞ്ഞു.
..
@nila_lenin
